ഭോപ്പാൽ: മധ്യപ്രദേശിലെ ബിജെപി എംഎൽഎയ്ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷൻ. പിച്ചോറിൽ നിന്നുള്ള എംഎൽഎ പ്രീതം ലോധിക്കെതിരെയാണ് സംഘടന രംഗത്തെത്തിയത്.
കരേര എസ്ഡിഒപി ഡോ. ആയുഷ് ജാക്കറിനെതിരെ ലോധി നടത്തിയ പരാമർശമാണ് വിവാദമായത്. "കരേര നിങ്ങളുടെ പിതാവിന്റേതല്ല' എന്നായിരുന്നു പ്രീതം ലോധിയുടെ പരാമർശം.
എംഎൽഎ നടത്തിയ പരാമർശം അപമാനകരവും ആഴത്തിൽ കുറ്റകരവുമാണെന്ന് എഡിജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ചഞ്ചൽ ശേഖർ പ്രതികരിച്ചു. ഉദ്യോഗസ്ഥന്റെ കുടുംബത്തെ പോലും ആക്രമണത്തിലേക്ക് വലിച്ചിഴച്ചു. ഇത്തരം പെരുമാറ്റം ജനാധിപത്യ സ്ഥാപനങ്ങളുടെ അന്തസിനെ ലംഘിക്കുന്നതാണെന്നും അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുന്നതാണെന്നും അസോസിയേഷൻ പറഞ്ഞു.
ഈ ഭാഷ പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെയും നിഷ്പക്ഷതയെയും ദുർബലപ്പെടുത്തുകയും ഭരണപരമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ജനപ്രതിനിധികൾ സംയമനം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.